About us




വഴിത്താരയിലൂടെ.....
     ഒരുമയുടെ പെരുമ തുടികൊട്ടിപാടിയ ദേശചരിത്രമാണ് തുരുത്തിയുടേത്. നാനാത്വത്തില്‍ ഏകത്വമെന്ന സൗന്ദര്യ സങ്കല്പത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍. പള്ളിയും ക്ഷേത്രവും ഇതിന്റെ നേര്‍ക്കാഴ്‌ചകള്‍ തന്നെയാണ്. തലമുറകളായി പിന്‍തുടര്‍ന്ന് വന്ന ഈ സാമുദായിക സൗഹാര്‍ദ്ദം നന്മ സ്‌നേഹം സത്യസന്ധത എന്നിവയിലൂടെ എന്നും നിലനിന്നു പോകുന്നു.
     ഒരു സമൂഹത്തിന്റെ സമഗ്രവികസനത്തിന് അനിവാര്യമായ ഘടകമാണ് വിദ്യാഭ്യാസം. അതുകൊണ്ട് തന്നെ മെച്ചപ്പെട്ടതും കാര്യക്ഷമവുമായ വിദ്യാഭ്യാസം നല്‌കുക എന്നത് ഏതൊരു സമൂഹത്തിന്റേയും കടമയും ബാധ്യതയുമാണ്. എല്ലാ അര്‍ത്ഥത്തിലും പിന്നോക്കാവസ്ഥ നില നില്‍ക്കുന്ന ഈ ന്യൂനപക്ഷദേശത്തെ വിദ്യാസമ്പന്നമായ സമൂഹമായി വളര്‍ത്തിയെടുക്കുക എന്ന തിരിച്ചറിവാണ് തുരുത്തി ജമായത്ത് കമ്മറ്റിക്ക് ഒരുവിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടത്. പരേതനായ മുന്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വ. മമ്മൂട്ടി സാഹിബിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് സ്കൂള്‍ അനുവദിച്ചു കിട്ടുന്നതിനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രസ്‌തുത പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു ജനാബ് ചെര്‍ക്കളം അബ്‌ദുള്ള സാഹിബ് നടത്തിയ സേവനം നന്ദിയോടെ സ്‌മരിക്കപ്പെടുന്നു. തുടര്‍ന്ന് നിലവില്‍ വന്ന വി.അബ്‌ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയും മുന്‍കാല കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പിന്‍തുടര്‍ന്നിരുന്നു. 2004-05 കാലഘട്ടത്തിലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് നാലകത്ത്സൂപ്പി സാഹിബ് സ്‌കൂളിന് അനുമതി നല്കിയത്.
    പ്രഥമകാലഘട്ടത്തില്‍ നേതൃത്വപരമായ അദ്ധ്യാപന പരിചയമുള്ള ജനാബ് ടി.പി കലാം മാസ്റ്ററുടേയും സഹ അധ്യാപകരുടേയും കൂട്ടായ്‌മയോടെയുള്ള പ്രവര്‍ത്തനത്തോടൊപ്പം എ.എ റഹീം ഹാജി, .കെ മുഹമ്മദ് ഹാജി തുടങ്ങിയവരുടെ പ്രവര്‍ത്തനം സ്ഥാപനത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാന്‍ കഴിഞ്ഞു. തുടര്‍ന്ന് ചെറുവത്തൂര്‍ ഉപജില്ലയിലെ ഏകഅംഗീകാരമുള്ള അണ്‍എയ്ഡഡ് സ്‌കൂള്‍ എന്ന നിലയിലും ഈ സ്ഥാപനം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറി. 2006-2007 അദ്ധ്യയനവര്‍ഷത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ഉയര്‍ന്ന മാര്‍ക്കോടെ 100% വിജയത്തിലെത്തിക്കുവാന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞത് പ്രഥമവിജയത്തിന്റെ മാധുര്യം ഇരട്ടിപ്പിക്കുന്നു. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അസൂയാവഹമായ നേട്ടമുണ്ടാക്കാന്‍ ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.
   

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്‌റ്റ് ചെയ്യൂ......